Share this Article
News Malayalam 24x7
വി ഡി സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചു
V.D. Satheesan Files Nomination in Paravur

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിന്റെ അവസാന ദിനത്തിൽ പറവൂർ മണ്ഡലം ജനസാഗരമായി മാറി. യു.ഡി.എഫ് സ്ഥാനാർത്ഥിയും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ ഇന്ന് പറവൂർ അഡീഷണൽ തഹസിൽദാർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ആയിരക്കണക്കിന് കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം കാൽനടയായി പ്രകടനമായാണ് അദ്ദേഹം തഹസിൽദാർ ഓഫീസിലെത്തിയത്.

വി.ഡി. സതീശന്റെ ഇത്തവണത്തെ പത്രികാ സമർപ്പണത്തെ ഏറെ ശ്രദ്ധേയമാക്കിയത് പ്ലാച്ചിമട സമരസമിതിയുടെ സജീവ സാന്നിധ്യമാണ്. തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക പ്ലാച്ചിമട സമരസമിതി നേതാക്കളാണ് അദ്ദേഹത്തിന് കൈമാറിയത്. കഴിഞ്ഞ ദിവസം പ്ലാച്ചിമട സന്ദർശിക്കുകയും സമരത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത സതീശനോടുള്ള നന്ദിസൂചകമായാണ് സമരസമിതി ഈ തീരുമാനമെടുത്തത്. സാമൂഹിക പ്രസക്തിയുള്ള സമരങ്ങളെ ചേർത്തുപിടിക്കുന്ന നിലപാടാണ് ഇതെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.


വി.ഡി. സതീശനെ സംബന്ധിച്ചിടത്തോളം ഇത് നിയമസഭയിലേക്കുള്ള ഏഴാമത്തെ പോരാട്ടമാണ്. 1996-ൽ പറവൂരിൽ നിന്ന് കന്നിയങ്കം കുറിച്ചെങ്കിലും അന്ന് പരാജയപ്പെടുകയായിരുന്നു. എന്നാൽ 2001 മുതൽ തുടർച്ചയായി മണ്ഡലം അദ്ദേഹത്തെ വിജയിപ്പിച്ചു പോന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്റെ കരുത്ത് തെളിയിക്കേണ്ട ഈ തിരഞ്ഞെടുപ്പ് സതീശന്റെ രാഷ്ട്രീയ ഭാവിയിൽ അതിനിർണ്ണായകമായ ഒന്നായിരിക്കും. പത്രികാ സമർപ്പണം പൂർത്തിയായതോടെ മണ്ഡലത്തിൽ പ്രചാരണച്ചൂട് കൊടുമുടിയിലെത്തിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories