Share this Article
News Malayalam 24x7
മുഖ്യമന്ത്രി ഇന്ന് ഇടുക്കിയില്‍
 CM Pinarayi Vijayan to Lead Campaign in Idukki Today

 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ നാല് പ്രധാന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിലാണ് മുഖ്യമന്ത്രി ഇന്ന് സംസാരിക്കുന്നത്. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ വെച്ച് മാധ്യമങ്ങളെ കാണുന്നതോടെയാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കമാകുന്നത്.

രാവിലെ 11 മണിക്ക് കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ വെച്ച് ഇടുക്കി മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം ദേവികുളം മണ്ഡലത്തിന്റെ ഭാഗമായി അടിമാലിയിൽ നടക്കുന്ന കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കും. വൈകീട്ട് നാലുമണിക്ക് നെടുങ്കണ്ടത്ത് വെച്ച് ഉടുമ്പൻചോല മണ്ഡലത്തിലെ കൺവെൻഷനിലും, ആറുമണിക്ക് വണ്ടിപ്പെരിയാറിൽ വെച്ച് പീരുമേട് മണ്ഡലത്തിലെ കൺവെൻഷനിലും മുഖ്യമന്ത്രി സംസാരിക്കും.


തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 14 ജില്ലകളിലായി ആകെ 48 മേഖലകളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നത്. ഒരു ദിവസം നാല് പൊതുയോഗങ്ങൾ എന്ന രീതിയിലാണ് പര്യടനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്നലെ പത്തനംതിട്ടയിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് തുടക്കമായത്. വരും ദിവസങ്ങളിൽ അദ്ദേഹം തന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്തും പ്രചാരണത്തിനായി എത്തും.


ഇന്ന് രാവിലെ കട്ടപ്പനയിൽ നടക്കുന്ന വാർത്താസമ്മേളനത്തെ ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിതെളിച്ച സി.പി.ഐ.എം - ബി.ജെ.പി 'ഡീൽ' ആരോപണങ്ങളിലും പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനങ്ങളിലും മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയേക്കും. രാഷ്ട്രീയ വിവാദങ്ങൾക്ക് മുഖ്യമന്ത്രി നൽകുന്ന മറുപടി വരും ദിവസങ്ങളിലെ പ്രചാരണ വിഷയങ്ങളെ സ്വാധീനിക്കുമെന്നുറപ്പാണ്.

ഇടുക്കി ജില്ലയിലെ നാല് മണ്ഡലങ്ങളിലെയും എൽ.ഡി.എഫ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories