തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോന്നിയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച വ്യക്തിയോട് 'വീട്ടിൽ പോയി ചോദിക്കാൻ' പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരിക്കുകയാണ്.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ചും കഴിഞ്ഞ അഞ്ചു വർഷത്തെ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിലാണ് സദസ്സിൽ നിന്നും ഒരാൾ "ഒരു ചോദ്യം" എന്ന് വിളിച്ച് ചോദിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ പ്രസംഗം നിർത്തി, "അത് വീട്ടിൽ പോയി ചോദിച്ചാൽ മതി" എന്ന് മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു. തുടർന്ന് യാതൊരു ഭാവവ്യത്യാസവുമില്ലാതെ അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.
പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും (റാന്നി, കോന്നി, അടൂർ, തിരുവല്ല, ആറൻമുള) കൺവെൻഷനുകളുടെ ഭാഗമായി നടന്ന സമാപന സമ്മേളനമായിരുന്നു കോന്നിയിലേത്. വൈകുന്നേരം നടന്ന ഈ പൊതുപരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
കോന്നി അട്ടച്ചാക്കൽ സ്വദേശിയാണ് ചോദ്യം ഉന്നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇദ്ദേഹം ഒരു പാർട്ടി പ്രവർത്തകനാണെന്നും സൂചനയുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമോ എന്തായിരുന്നു ആ ചോദ്യമെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
പൊതുവേദിയിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച പൗരനോട് മുഖ്യമന്ത്രി സ്വീകരിച്ച ഈ നിലപാട് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണെന്ന വിമർശനം ഇതിനോടകം തന്നെ പ്രതിപക്ഷ വൃത്തങ്ങളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പരുക്കൻ മറുപടിയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.