Share this Article
News Malayalam 24x7
രാജീവ് ചന്ദ്ര ശേഖറിൻ്റെ പത്രിക സ്വീകരിച്ചു
Rajeev Chandrasekhar

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് വൻ രാഷ്ട്രീയ നാടകീയത. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചപ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പത്രികയ്ക്കെതിരെ എൽ.ഡി.എഫ് നൽകിയ പരാതിയിൽ ഹിയറിംഗ് തുടരുന്നു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്നാരോപിച്ച് കോൺഗ്രസ് നൽകിയ പരാതി വരണാധികാരി തള്ളി. ബംഗളൂരുവിലെ 200 കോടിയോളം രൂപ വിലമതിക്കുന്ന വീടിന്റെയും മറ്റ് ആസ്തികളുടെയും വിവരങ്ങൾ നൽകിയില്ലെന്നായിരുന്നു യു.ഡി.എഫിന്റെ ആക്ഷേപം. എന്നാൽ വിശദമായ പരിശോധനകൾക്ക് ശേഷം പത്രിക സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫും എൽ.ഡി.എഫും വ്യക്തമാക്കി.


പറവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പത്രികയ്ക്കെതിരെയാണ് എൽ.ഡി.എഫ് രംഗത്തെത്തിയത്. അഭിഭാഷക വൊക്കേഷൻ വഴി ലഭിക്കുന്ന വരുമാനം അദ്ദേഹം സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്നാണ് എൽ.ഡി.എഫിന്റെ പരാതി. ഈ പരാതിയിന്മേൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പത്രിക മാറ്റിവെച്ചിരിക്കുകയാണ്.


പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികൾക്ക് അപരൻമാർ വെല്ലുവിളിയാകുന്നുണ്ട്. കുന്നംകുളത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സി മൊയ്തീന് അപരനായി പൊന്നാനി സ്വദേശി മൊയ്തീൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഈ പത്രിക ഇപ്പോൾ ഹിയറിംഗിനായി മാറ്റി വെച്ചിരിക്കുകയാണ്. അതേസമയം, ആലപ്പുഴയിൽ ജി സുധാകരന്റെ അപരന്റെ പത്രിക വരണാധികാരി തള്ളി.


എലത്തൂരിൽ എൻ.സി.പി (അജിത് പവാർ വിഭാഗം) സ്ഥാനാർത്ഥി പി.കെ ശശീന്ദ്രന്റെ പത്രികയുമായി ബന്ധപ്പെട്ട രസീത് ഒരാൾ തട്ടിയെടുത്തു ഓടിയത് വൻ പ്രതിഷേധത്തിന് വഴിതെളിച്ചു. ഈ അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.

പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. അന്ന് വൈകുന്നേരത്തോടെ മാത്രമേ മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ അന്തിമചിത്രം വ്യക്തമാവുകയുള്ളൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories