Share this Article
News Malayalam 24x7
മുഖ്യമന്ത്രി പിആർ ഏജൻസിയുടെ തടവറയിൽ'; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല
Ramesh Chennithala

മുഖ്യമന്ത്രി പിണറായി വിജയൻ പിആർ ഏജൻസികളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും അവരുടെ തിരക്കഥയ്ക്കനുസരിച്ചാണ് അദ്ദേഹം ഇപ്പോൾ സൗമ്യനായി പെരുമാറുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഇപ്പോൾ കാണിക്കുന്ന മാറ്റങ്ങൾ താൽക്കാലികം മാത്രമാണെന്ന് ചെന്നിത്തല പരിഹസിച്ചു. "മുഖ്യമന്ത്രി എവിടെ പ്രസംഗിച്ചാലും മൈക്കിന് പോലും അസ്വസ്ഥതയാണ്. പിആർ ഏജൻസികൾ പറഞ്ഞു കൊടുത്തതനുസരിച്ചുള്ള ഈ ഭാവമാറ്റം അധികകാലം നിലനിൽക്കില്ല. പുലിപ്പുള്ളിയുടെ പുള്ളി എത്ര മായ്ക്കാൻ ശ്രമിച്ചാലും പുറത്തുവരും എന്നത് പോലെ മുഖ്യമന്ത്രിയുടെ സ്വാഭാവിക ശൈലി വൈകാതെ വെളിപ്പെടും," അദ്ദേഹം പറഞ്ഞു.


മുൻകാലങ്ങളിൽ പിണറായി വിജയൻ നടത്തിയ വിവാദ പരാമർശങ്ങളെയും ചെന്നിത്തല കടന്നാക്രമിച്ചു. താമരശ്ശേരി ബിഷപ്പിനെ 'നികൃഷ്ട ജീവി' എന്ന് വിളിച്ചതും, എൻ.കെ. പ്രേമചന്ദ്രൻ എംപിയെ 'പരനാറി' എന്ന് വിശേഷിപ്പിച്ചതും കെ. സുധാകരനെ 'ചെറ്റ' എന്ന് ആക്ഷേപിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു മുഖ്യമന്ത്രിക്ക് ചേർന്ന ഭാഷയല്ല ഇതെന്നും കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്ത ഇത്തരം പ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഇപ്പോൾ പ്രതിച്ഛായ വെളുപ്പിക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പിആർ ഏജൻസികളുടെ തടവറയിൽ നിന്ന് പുറത്തുവരുമ്പോൾ മുഖ്യമന്ത്രി പഴയ രൂപത്തിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories