Share this Article
News Malayalam 24x7
'രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ B ടീം'; മുഖ്യമന്ത്രി
CM Pinarayi Vijayan

കേരളത്തിൽ എൽ.ഡി.എഫ്-ബി.ജെ.പി സഖ്യമുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയും കോൺഗ്രസുമാണ് ബി.ജെ.പിയുടെ 'ബി ടീം' ആയി പ്രവർത്തിക്കുന്നതെന്നും അതിന് ഉതകുന്ന സമീപനമാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദേശീയ നേതാവായ രാഹുൽ ഗാന്ധിക്ക് ഒരു സാധാരണ പ്രാദേശിക നേതാവിൻ്റെ കാര്യവിവരം പോലുമില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഒരു കാര്യവും നേരെ ചൊവ്വെ മനസ്സിലാക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല. "കണ്ടാലും കൊണ്ടാലും പഠിക്കില്ല" എന്ന സമീപനമാണ് രാഹുൽ ഗാന്ധിയുടേത്. ഇതൊന്നും ഒരു രാഷ്ട്രീയ നേതാവിന് ചേർന്ന ഗുണമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


ഇത്രമാത്രം രാഷ്ട്രീയ അധഃപതനമുള്ള ഒരാളെ എങ്ങനെയാണ് കോൺഗ്രസുകാർ സർവ്വാദരണീയനായ നേതാവായി കാണുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. രാജ്യം ബി.ജെ.പിയുടെ ബി ടീമായാണ് കോൺഗ്രസിനെ കാണുന്നത്. അഖിലേന്ത്യാ തലത്തിലുള്ള ഒരു നേതാവ് പ്രാദേശിക കാര്യങ്ങളിൽ പോലും ഇത്രയേറെ അജ്ഞത പുലർത്തുന്നത് രാഷ്ട്രീയ ഗൗരവം ഇല്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.


നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾക്കാണ് മുഖ്യമന്ത്രി ഇത്തരത്തിൽ ശക്തമായ മറുപടി നൽകിയത്. മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം ഇതോടെ കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories