കായംകുളം എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ യു. പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലീം ലീഗ് നേതാവിനെതിരെ കടുത്ത നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ കളക്ടർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. ഉച്ചയ്ക്ക് മുൻപായി നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാനാണ് കമ്മീഷന്റെ കർശന നിർദ്ദേശം.
മുസ്ലീം ലീഗ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ ഇർഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പ്രസംഗത്തിലാണ് കമ്മീഷന്റെ ഇടപെടൽ. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് യു. പ്രതിഭയുടെ ശാരീരിക സൗന്ദര്യത്തെയും പ്രസംഗ ശൈലിയെയും പരിഹസിക്കുന്ന തരത്തിൽ ഇർഷാദ് സംസാരിച്ചത്. ഇത് സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും വിലയിരുത്തിയാണ് നടപടി.
അതേസമയം, സംഭവത്തിൽ ഇർഷാദിനെതിരെ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും ഔദ്യോഗികമായി പരാതി നൽകുമെന്ന് യു. പ്രതിഭയും എൽഡിഎഫും അറിയിച്ചു. ഇർഷാദ് ഖേദപ്രകടനം നടത്തിയെങ്കിലും വിഷയം അവിടംകൊണ്ട് അവസാനിപ്പിക്കാൻ എൽഡിഎഫ് തയ്യാറല്ല. അധിക്ഷേപ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ശക്തമായി രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതിനെത്തുടർന്ന് മുസ്ലീം ലീഗ് ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ ഇർഷാദിനെ യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്നും നേരത്തെ നീക്കിയിരുന്നു. ഇന്ന് കായംകുളത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എൽഡിഎഫ് കേന്ദ്രങ്ങൾ അറിയിച്ചു.