Share this Article
News Malayalam 24x7
നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാക്‌പോര്
Mathew Kuzhalnadan

 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂവാറ്റുപുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക്പോര് കൊടുമ്പിരിക്കൊള്ളുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ. അരുൺ ഉയർത്തിയ 'സോഷ്യൽ ഓഡിറ്റിംഗ്' വെല്ലുവിളി യു.ഡി.എഫ് സ്ഥാനാർത്ഥിയും നിലവിലെ എം.എൽ.എയുമായ മാത്യു കുഴൽനാടൻ ഏറ്റെടുത്തതോടെ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചു.


കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മൂവാറ്റുപുഴയിൽ എം.എൽ.എയ്ക്ക് സ്വന്തമെന്ന് അവകാശപ്പെടാൻ ഒരു പദ്ധതിയെങ്കിലും ഉണ്ടോ എന്നതായിരുന്നു എൻ. അരുണിന്റെ പ്രധാന ചോദ്യം. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അരുൺ ഈ വെല്ലുവിളി ഉയർത്തിയത്. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കാൻ എം.എൽ.എ തയ്യാറാണോ എന്നും, തങ്ങൾ ചർച്ചയ്ക്ക് വരാൻ തയ്യാറാണെന്നും അരുൺ വ്യക്തമാക്കി.


എന്നാൽ ഈ വെല്ലുവിളിയെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മാത്യു കുഴൽനാടൻ നേരിട്ടത്. സോഷ്യൽ ഓഡിറ്റിംഗ് മാത്രമല്ല, വേണമെങ്കിൽ പൊളിറ്റിക്കൽ ഓഡിറ്റിംഗിനും ഫിനാൻഷ്യൽ ഓഡിറ്റിംഗിനും താൻ തയ്യാറാണെന്ന് അദ്ദേഹം മറുപടി നൽകി. "മൂവാറ്റുപുഴയുടെ ജനപ്രതിനിധി ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. അതിനെ ഞാൻ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു," എന്ന് കുഴൽനാടൻ ഒരു തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞു.


വികസനവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയാകുന്ന മൂവാറ്റുപുഴയിൽ വരും ദിവസങ്ങളിൽ ഈ വെല്ലുവിളികൾ ഒരു സംവാദ വേദിയിലേക്ക് നീങ്ങുമോ എന്നാണ് വോട്ടർമാർ ഉറ്റുനോക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം വസ്തുതകൾ നിരത്തിയുള്ള ചർച്ചകൾക്കായി മണ്ഡലം കാത്തിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories