Share this Article
News Malayalam 24x7
ഇനി 11 നാള്‍, മുന്നണികൾ ആവേശത്തിൽ, സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു
11 Days to Kerala Assembly Elections

കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ ഇനി വെറും 11 നാൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ ഏറ്റവും ആവേശകരമായ ഘട്ടത്തിലേക്ക് കടന്നു. മൂന്ന് മുന്നണികളും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ്. വരും ദിവസങ്ങളിൽ പ്രമുഖ ദേശീയ നേതാക്കൾ കൂടി എത്തുന്നതോടെ രാഷ്ട്രീയ പോരാട്ടം കൂടുതൽ കടുക്കും.

എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ അദ്ദേഹം വൻ പൊതുസമ്മേളനങ്ങളിൽ സംസാരിക്കും. നാളെ യു.ഡി.എഫ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പത്തനംതിട്ടയിലെത്തും. വിവിധ റാലികളിലും പൊതുസമ്മേളനങ്ങളിലും ഇവർ പങ്കെടുക്കും.



തിരഞ്ഞെടുപ്പ് ഗോദയിൽ 'ഡീൽ' വിവാദവും എസ്.ഡി.പി.ഐ വോട്ട് സ്വീകരിക്കുന്നത് സംബന്ധിച്ച ചർച്ചകളുമാണ് ഇപ്പോൾ പ്രധാനമായും കത്തിനിൽക്കുന്നത്. എസ്.ഡി.പി.ഐയുടെ പിന്തുണ തങ്ങൾക്കില്ലെന്നും അത് എതിർ മുന്നണിക്കാണെന്നും ആരോപിച്ച് എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം രംഗത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറം ജില്ലയിൽ വിവിധ എൽ.ഡി.എഫ് റാലികൾ ഉദ്ഘാടനം ചെയ്യും. ഒമ്പത് മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ നിലവിലെ രാഷ്ട്രീയ വിവാദങ്ങളിൽ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്.



പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക്പോര് മുറുകുകയാണ്. നേമത്ത് വി. ശിവൻകുട്ടിയും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള വികസന തർക്കങ്ങളും വെല്ലുവിളികളും ശ്രദ്ധേയമാണ്. ശബരീനാഥും വി. ശിവൻകുട്ടിയും തമ്മിലുള്ള പോരും പ്രചാരണ രംഗത്തെ സജീവമാക്കുന്നു. അതിനിടെ, തൊടുപുഴയിൽ യു.ഡി.എഫിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.



മൂന്ന് മുന്നണികളുടെയും പ്രകടന പത്രികകൾ അടുത്തയാഴ്ചയോടെ പുറത്തിറങ്ങും. ജനക്ഷേമ പദ്ധതികളും വികസന വാഗ്ദാനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രകടന പത്രികയിലൂടെ വോട്ടർമാരെ സ്വാധീനിക്കാനാണ് മുന്നണികളുടെ നീക്കം. വന്യമൃഗ ശല്യം, സൈബർ അധിക്ഷേപം തുടങ്ങിയ വിഷയങ്ങളും വരും ദിവസങ്ങളിൽ പ്രചാരണ ആയുധമാക്കാൻ സാധ്യതയുണ്ട്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories