Share this Article
News Malayalam 24x7
വര്‍ഗീയ ശക്തികളോട് സിപിഐഎമ്മിന് എന്നും ഒരേ നിലപാടാണ്; പിണറായി വിജയന്‍
Pinarayi Vijayan

വർഗീയ ശക്തികളോട് സിപിഐഎമ്മിന് എന്നും ഒരേ നിലപാടാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവരുന്ന 'ഡീൽ' ആരോപണങ്ങൾ വെറും പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയുടെ കാര്യത്തിൽ പാർട്ടിയുടെ നിലപാടുകളിൽ യാതൊരുവിധ ചാഞ്ചാട്ടവുമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന് ലഭിച്ച തുടർഭരണം രാഷ്ട്രീയ ഗിമ്മിക്കുകൾ കൊണ്ട് ലഭിച്ചതല്ലെന്നും ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാത്തരം വർഗീയതകളെയും ഒരേപോലെ എതിർക്കുക എന്നതാണ് സിപിഐഎം നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ആർഎസ്എസിനെപ്പോലെ തന്നെ എതിർക്കപ്പെടേണ്ട പ്രസ്ഥാനമാണ് എസ്ഡിപിഐ. അവരുടെ വോട്ട് വേണ്ട എന്നതാണ് പാർട്ടിയുടെ എക്കാലത്തെയും നിലപാട്. വർഗീയ ശക്തികളുമായി ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും സിപിഐഎം തയ്യാറല്ല," മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, അവരുടെ നിലപാട് അവരോട് തന്നെ ചോദിക്കണമെന്നും തനിക്ക് പറയാനുള്ളത് മുൻപേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം മറുപടി നൽകി.


സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പൂർണ്ണമായും തള്ളി. പത്ത് വർഷം ഭരിച്ച ഒരു ഗവൺമെന്റ് ഏത് കാര്യത്തിലാണ് പരാജയപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടാൻ വിമർശകർക്ക് സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. വസ്തുതകൾ ചർച്ച ചെയ്താൽ ജനങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ ബോധ്യപ്പെടും. ഇത്തരം വസ്തുതാപരമായ ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ചിലർ ശ്രമിക്കുന്നത്. ഭരണത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എൽഡിഎഫ് എപ്പോഴും തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


മങ്കടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും അദ്ദേഹം കൃത്യമായ മറുപടി നൽകി. രാഷ്ട്രീയമായ നേട്ടങ്ങൾക്കായി നുണപ്രചാരണങ്ങൾ നടത്തുന്നവർക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ വികസനവും രാഷ്ട്രീയ നിലപാടുകളും ഉയർത്തിക്കാട്ടി പ്രചാരണം കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories