Share this Article
News Malayalam 24x7
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, മുഖ്യമന്ത്രി മലപ്പുറത്ത്
PM Narendra Modi to Visit Kerala Today

 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായിരിക്കെ, ദേശീയ-സംസ്ഥാന നേതാക്കളുടെ പടയൊരുക്കത്തോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലയിലെ എൽ.ഡി.എഫ് റാലികൾക്ക് നേതൃത്വം നൽകും.

എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കോയമ്പത്തൂരിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗമെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് 2.30-ന് പാലക്കാട് കോട്ട മൈതാനത്ത് നടക്കുന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് തൃശൂരിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിക്ക് തൃശൂർ സ്വരാജ് റൗണ്ടിൽ വൻ റോഡ് ഷോ നടത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തൃശൂർ നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. തിരൂർ, പൊന്നാനി, തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് റാലികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാവിലെ നടക്കുന്ന വാർത്താ സമ്മേളനത്തിന് ശേഷമായിരിക്കും അദ്ദേഹം റാലികളിൽ പങ്കെടുക്കുക. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.


എസ്.ഡി.പി.ഐ പിന്തുണയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പ്രചാരണ രംഗത്ത് സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി ഇന്ന് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. ദേശീയ നേതാക്കൾ കൂടി പ്രചാരണത്തിന് എത്തുന്നതോടെ വരും ദിവസങ്ങളിൽ വാക്പോര് കൂടുതൽ ശക്തമാകാനാണ് സാധ്യത.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories