എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ജൂൺ 20-നകം പൂർത്തിയാക്കാൻ ഹൈക്കോടതിയുടെ കർശന നിർദ്ദേശം. അന്വേഷണം പൂർത്തിയാക്കാൻ ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. കേസന്വേഷണത്തിന്റെ മന്ദഗതിയിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം ദ്രുതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ കടുത്ത പരാമർശങ്ങൾ. "എന്തുകൊണ്ടാണ് ഈ കേസിൽ കൃത്യമായ അന്വേഷണം നടക്കാത്തതെന്ന് നാട്ടുകാർക്കെല്ലാം അറിയാം. അതിന്റെ കാരണം പ്രതിയുടെ പേരിനകത്തു തന്നെയുണ്ട്" എന്ന് കോടതി പരിഹാസരൂപേണ നിരീക്ഷിച്ചു.
മൈക്രോഫിനാൻസ് തട്ടിപ്പ് കേസും ശബരിമല സ്വർണക്കൊള്ള കേസും അന്വേഷിക്കുന്നത് ഒരേ ഉദ്യോഗസ്ഥൻ (എസ്പി എസ്. ശശിധരൻ) ആണെന്നും എന്നാൽ ഈ രണ്ട് പ്രധാന കേസുകളിലും കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അന്വേഷണത്തിന് എസ്പി വീണ്ടും ഒരു മാസം കൂടി സമയം ആവശ്യപ്പെട്ടപ്പോഴാണ് ഹൈക്കോടതി ഇത് തള്ളിക്കൊണ്ട് കടുത്ത നിലപാട് സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.