Share this Article
News Malayalam 24x7
CMRL കേസ്; വീണ വിജയനെ ഉടൻ ചോദ്യം ചെയ്യും
CMRL-Exalogic Case

സി.എം.ആർ.എൽ - എക്സാലോജിക് പണമിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടൻ ചോദ്യം ചെയ്തേക്കും. കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ.ഒ (Serious Fraud Investigation Office) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നീക്കം. സി.എം.ആർ.എല്ലിൽ നിന്നും എക്സാലോജിക് കമ്പനി പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.

എസ്.എഫ്.ഐ.ഒയുടെ റിപ്പോർട്ട് അനുസരിച്ച്, 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 2 കോടി 78 ലക്ഷം രൂപയാണ് എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിൽ നിന്നും കൈപ്പറ്റിയത്. ഇതിൽ 2 കോടി 1 ലക്ഷം രൂപ വീണ വ്യക്തിപരമായും ബാക്കി 77 ലക്ഷം രൂപ എക്സാലോജിക് കമ്പനിയുമാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ കാലയളവിൽ വീണയുടെ പ്രധാന വരുമാന സ്രോതസ്സ് ഇതായിരുന്നുവെന്നും പിന്നീട് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതായും റിപ്പോർട്ടിലുണ്ട്.


ഇടപാടുമായി ബന്ധപ്പെട്ട് എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിൽ കൈമാറിയ എഴുപതിലധികം ഇമെയിലുകൾ ഇ.ഡി വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന് പുറമെ വീണയുടെ പേരിലുള്ള ബാങ്ക് ലോക്കറുകൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.


കേസന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ അധികൃതർ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇ.ഡി ചോദ്യം ചെയ്യൽ നടപടികളിലേക്ക് വേഗത്തിൽ കടക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്ത് കൊച്ചിയിലെ ഇ.ഡി ഓഫീസിന് മുന്നിൽ പൊലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories