സി.പി.എം നേതാവിന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും വാഹനം തകർക്കുകയും ചെയ്ത കേസിൽ മുൻ കൗൺസിലർ ഉൾപ്പെടെ ആറ് പേരെക്കൂടി ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ മുൻ കൗൺസിലർ ഉണ്ണിയാണ് അറസ്റ്റിലായ പ്രമുഖൻ. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായ പ്രതികളുടെ ആകെ എണ്ണം 25 ആയി ഉയർന്നു.
കേസിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും നിലവിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പക്ഷം.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ പ്രതികൾക്കായാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. ഒളിവിൽ കഴിയുന്ന എട്ട് പ്രധാന പ്രതികൾക്കെതിരെ ഇതിനോടകം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സിറ്റി പൊലീസിന് പുറമെ ഷാഡോ പോലീസിന്റെയും ഡാൻസാഫ് (DANSAF) സംഘത്തിന്റെയും നേതൃത്വത്തിലാണ് ഒളിവിലുള്ള മറ്റ് പ്രതികൾക്കായി വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുന്നത്.