ശബരിമലയിലെ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് നിർണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പുറത്ത്. ശ്രീകോവിലിന്റെ കട്ടിളപ്പടികൾ മുഴുവനായും മാറ്റിസ്ഥാപിച്ചിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ച ശാസ്ത്രീയ പരിശോധനാ ഫലം സൂചിപ്പിക്കുന്നത്. കട്ടിളപ്പടികളിൽ പൂശിയിരുന്ന സ്വർണം മാത്രമാണ് തട്ടിയെടുക്കപ്പെട്ടതെന്നാണ് ലഭ്യമായ റിപ്പോർട്ടിലുള്ളത്.
കേസന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച എട്ട് വ്യത്യസ്ത സാമ്പിളുകളുടെ പരിശോധനാഫലങ്ങളാണ് ഇപ്പോൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുള്ളത്. ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്നാണ് മുൻപ് രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിരുന്നത്. ജംഷദ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമുള്ള റിപ്പോർട്ടാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
അന്വേഷണസംഘത്തിന് ലഭിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കൊല്ലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണസംഘം.