നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം പട്ടത്തെ ബിഷപ്പ് ഹൗസിലെത്തിയാണ് വി.ഡി. സതീശൻ സഭാ അധ്യക്ഷനെ കണ്ടത്. പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായാണ് ഈ സൗഹൃദ സന്ദർശനം നടന്നത്.
പുതിയ സർക്കാരിനും വി.ഡി. സതീശന്റെ നേതൃത്വത്തിനും കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് എല്ലാവിധ വിജയങ്ങളും ആശംസിച്ചു. വി.ഡി. സതീശനുമായി വർഷങ്ങളായുള്ള അടുത്ത ബന്ധവും പരിചയവും തനിക്കുണ്ടെന്ന് ബാവാ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ നാടിന്റെ കെട്ടുറപ്പിനും പുരോഗതിക്കും വലിയ കരുത്താകുമെന്നും, പുതിയ ഉത്തരവാദിത്തങ്ങളിൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്നും കർദിനാൾ ആശംസിച്ചു.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ബിഷപ്പ് ഹൗസിലെത്തിയ വി.ഡി. സതീശന്റെ നടപടിയെ കർദിനാൾ അഭിനന്ദിച്ചു. സഭയുടെയും വിശ്വാസികളുടെയും പൂർണ്ണമായ പിന്തുണയും പ്രാർത്ഥനയും പുതിയ സർക്കാരിനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.