Share this Article
News Malayalam 24x7
മരിച്ചവരുടെ പോക്കറ്റ് തപ്പി, പണം തട്ടിയവരായി കോണ്‍ഗ്രസ് മാറുകയാണ്; മുഖ്യമന്ത്രിയുടെ വിമർശനം
Kerala CM Pinarayi Vijayan Raises Questions Over Congress Party’s Disaster Relief Fund Collection

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ കോൺഗ്രസ് സമാഹരിച്ച ഫണ്ടിനെച്ചൊല്ലി പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ് പിരിച്ച പണം എത്രയാണെന്നും ഏത് ബാങ്കിലാണ് ഈ തുക നിക്ഷേപിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി തന്റെ ലേഖനത്തിലൂടെ ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്ത കോൺഗ്രസ് നടപടി, ഉരുൾപൊട്ടലിൽ മരിച്ചവരുടെ പോക്കറ്റ് തപ്പി പണം തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പരിഹസിച്ചു.


"മൃതദേഹത്തിൽ നിന്ന് പണം മോഷ്ടിക്കുന്നവരെ വിളിക്കുന്ന പേര് ആരെയും വിളിക്കരുതെന്ന് എനിക്കുണ്ട്. കോൺഗ്രസുകാർക്ക് ആ വിളിപ്പേര് വീഴരുതെന്നാണ് ആഗ്രഹം. എന്നാൽ ആ ആഗ്രഹം ഉണ്ടായിട്ട് കാര്യമുണ്ടോ?" എന്നും മുഖ്യമന്ത്രി ലേഖനത്തിൽ ചോദിക്കുന്നുണ്ട്. വയനാട്ടിലെ വീട് നിർമ്മാണം വൈകുന്നതിനെയും അദ്ദേഹം വിമർശിച്ചു.


നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പോര് മുറുകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പുതിയ കടന്നാക്രമണം. വികസന നേട്ടങ്ങൾ നിരത്തി തന്നോട് സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രി നേരത്തെ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വേദികളിലും വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories