വിമാന ഇന്ധനത്തിന് (ATF) വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. ഇന്ധന സർചാർജ് ഇനത്തിലാണ് കമ്പനി ഇപ്പോൾ നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് വെള്ളിയാഴ്ച പുലർച്ചെ ഒരു മണി മുതൽ പ്രാബല്യത്തിൽ വന്നു.
ആഭ്യന്തര സർവീസുകളിൽ ദൂരത്തിനനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെയാണ് അധികമായി ഈടാക്കുക. 500 കിലോമീറ്ററിൽ താഴെ ദൂരമുള്ള യാത്രകൾക്കാണ് ഏറ്റവും കുറഞ്ഞ നിരക്കായ 275 രൂപ അധികമായി ഈടാക്കുന്നത്. ദൂരം കൂടുന്നതിനനുസരിച്ച് സർചാർജിലും വർദ്ധനവുണ്ടാകും.
അന്താരാഷ്ട്ര സർവീസുകളിലും നിരക്ക് കുത്തനെ ഉയരും. വിദേശ യാത്രകൾക്ക് ടിക്കറ്റൊന്നിന് 900 രൂപ മുതൽ 10,000 രൂപ വരെയാണ് സർചാർജ് വർദ്ധന. യുകെ, ഗ്രീസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളൊഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കാണ് ഇന്ധന സർചാർജിൽ വലിയ വർദ്ധനവ് വന്നിട്ടുള്ളത്.
വിമാന ഇന്ധന വിലയിലുണ്ടായ തുടർച്ചയായ വർദ്ധനവ് മൂലം സർവീസുകൾ ലാഭകരമായി കൊണ്ടുപോകാൻ മറ്റ് വഴികളില്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. വിമാന ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനൊപ്പമാണ് ഇന്ധന സർചാർജ് കൂടി ഇനി മുതൽ നൽകേണ്ടി വരിക. ഇൻഡിഗോ നിരക്ക് വർദ്ധിപ്പിച്ചതോടെ മറ്റ് വിമാനക്കമ്പനികളും വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.