Share this Article
News Malayalam 24x7
ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് റിപ്പേർട്ട്
Sreenandha Death Case

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ചിക്കമംഗളൂരു ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

വളരെ ഉയരത്തിൽ നിന്നുള്ള വീഴ്ചയെത്തുടർന്ന് ശരീരത്തിലാകെ ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. ശ്രീനന്ദയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നെങ്കിലും, പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മൃതദേഹം കണ്ടെത്തുന്ന സമയത്ത് അധികം പഴക്കമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.


പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ശ്രീനന്ദയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5:30-ഓടെയാണ് ചിക്കമംഗളൂരുവിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്ന് കാണാതായത്. 40 പേരടങ്ങുന്ന ടൂർ സംഘത്തോടൊപ്പമാണ് കുട്ടി എത്തിയത്. നൂറിലധികം ഉദ്യോഗസ്ഥരും ഡ്രോണുകളും ഡോഗ് സ്ക്വാഡും നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.


മകളുടെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ പൊലീസ് നായ ഒരു കടയ്ക്ക് സമീപം എത്തിയെങ്കിലും കടക്കാരനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, കുടുംബം ഉന്നയിക്കുന്ന എല്ലാ സംശയങ്ങളും കൃത്യമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.ശ്രീനന്ദയുടെ മൃതദേഹം നിലവിൽ ആംബുലൻസിൽ ജന്മനാടായ ഒറ്റപ്പാലത്തേക്ക് കൊണ്ടുപോവുകയാണ്. ഇന്ന് രാവിലെ 10:30-ന് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories