മുഖ്യമന്ത്രി പിണറായി വിജയനോട് വാർത്താസമ്മേളനത്തിനിടെ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകന് നേരെ ഭീഷണി മുഴക്കി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ മകൻ. പ്രസ് സെക്രട്ടറി പി.എം മനോജിന്റെ മകൻ അമൽ മനോജാണ് ഫേസ്ബുക്കിലൂടെ മാധ്യമപ്രവർത്തകനെതിരെ ഭീഷണി പോസ്റ്റ് ഇട്ടത്.
"പ്രിയ സുഹൃത്തേ, കേസ് വന്നാലും കുഴപ്പമില്ല, നമുക്കൊന്ന് കാണണം" എന്നായിരുന്നു അമൽ മനോജിന്റെ പോസ്റ്റിലെ വരികൾ. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിനിടെയുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെയാണ് ഈ ഭീഷണി.
വാർത്താസമ്മേളനത്തിൽ സി.പി.ഐ.എം അനുകൂല മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മാത്രം മുഖ്യമന്ത്രി മറുപടി നൽകിയത് മറ്റ് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ചവരെ മുഖ്യമന്ത്രി തടയുകയും ചെയ്തു. തുടർന്ന് വേദി വിട്ട് ഇറങ്ങിപ്പോയ മുഖ്യമന്ത്രി വീണ്ടും തിരിച്ചെത്തി, "ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായാൽ പോരാ, അത് ചോദിക്കണം" എന്ന് മാധ്യമപ്രവർത്തകരെ പരിഹസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ഈ പ്രതികരണത്തിന് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ മകൻ പരസ്യമായ ഭീഷണിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ മാധ്യമപ്രവർത്തകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്ന വിമർശനം ശക്തമായിട്ടുണ്ട്.