രാജ്യത്തെ വിവിധ സ്കൂളുകൾക്കും കോടതികൾക്കും സർക്കാർ ഓഫീസുകൾക്കും നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ 47-കാരനെ പൊലീസ് പിടികൂടി. കർണാടക സ്വദേശിയായ ശ്രീനിവാസ് ലൂയിസിനെയാണ് ഡൽഹി പൊലീസും പ്രാദേശിക പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തത്.
ഡൽഹി ഹൈക്കോടതി, ജില്ലാ കോടതികൾ, വിവിധ സ്കൂളുകൾ, പ്രധാന സർക്കാർ ഓഫീസുകൾ തുടങ്ങിയ ഇടങ്ങളെ ലക്ഷ്യം വെച്ച് ഇയാൾ ആയിരത്തിലധികം വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയച്ചതായി പൊലീസ് കണ്ടെത്തി. ഇയാളുടെ സന്ദേശങ്ങൾ രാജ്യത്തുടനീളം വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും മണിക്കൂറുകളോളം സുരക്ഷാ ഉദ്യോഗസ്ഥരെയും ജനങ്ങളെയും മുൾമുനയിൽ നിർത്തുകയും ചെയ്തിരുന്നു.
ഓരോ ഭീഷണി സന്ദേശം ലഭിക്കുമ്പോഴും വലിയ രീതിയിലുള്ള സുരക്ഷാ പരിശോധനകളും തടസ്സങ്ങളുമാണ് വിവിധ സ്ഥാപനങ്ങളിൽ ഉണ്ടായത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ ഇയാളുടെ ലൊക്കേഷൻ കണ്ടെത്തിയ പോലീസ് സംഘം കർണാടകയിൽ വെച്ചാണ് ഇയാളെ കുടുക്കിയത്.
എന്തിനാണ് ഇയാൾ ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചത് എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തിവരികയാണ്. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.