Share this Article
News Malayalam 24x7
FCRA ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച നടക്കും
CRA Amendment Bill Discussion in Lok Sabha Today

 വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലിന്മേൽ (FCRA Amendment Bill) ഇന്ന് ലോക്സഭയിൽ ചർച്ച നടക്കും. ബില്ലിനെതിരെ ക്രൈസ്തവ സഭകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബില്ല് പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. ലോക്സഭയിൽ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ എംപിമാരുടെ തീരുമാനം.

വിദേശ സംഭാവനകൾ ഉപയോഗിച്ച് നിർമ്മിച്ച ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് ഈ നിയമ ഭേദഗതിയെന്നാണ് ക്രൈസ്തവ സഭകൾ പ്രധാനമായും ആരോപിക്കുന്നത്. എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കപ്പെടുകയോ കാലാവധി കഴിയുകയോ ചെയ്യുന്ന സാഹചര്യത്തിൽ, ഇത്തരം സ്ഥാപനങ്ങളുടെ ഭരണം ഏറ്റെടുക്കാൻ സർക്കാർ നിയോഗിക്കുന്ന സമിതിക്ക് അധികാരം നൽകുന്ന വ്യവസ്ഥ ബില്ലിലുണ്ട്. ഇത് ന്യൂനപക്ഷങ്ങളെ വലിയ രീതിയിൽ ആശങ്കയിലാക്കുന്ന ഒന്നാണെന്ന് കെ.സി.ബി.സി (KCBC), സി.ബി.സി.ഐ (CBCI) തുടങ്ങിയ സംഘടനകൾ ആരോപിക്കുന്നു.


ബില്ല് പുനപരിശോധിക്കണമെന്നും കൂടുതൽ പഠനത്തിനായി പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ അടക്കമുള്ള നേതാക്കൾ ബില്ലിനെതിരെ പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബില്ലിനെതിരെ സഭയിൽ സംസാരിക്കുമെന്നാണ് സൂചന.


അതേസമയം, ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും സുതാര്യത ഉറപ്പുവരുത്താനാണ് നിയമം പരിഷ്കരിക്കുന്നതെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ബില്ലിന്മേലുള്ള ചർച്ചയിൽ മറുപടി നൽകും. പ്രതിഷേധങ്ങൾക്കിടയിലും ബില്ല് പാസാക്കി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories