Share this Article
News Malayalam 24x7
FCRA ബിൽ പരിഗണിക്കുന്നത് നീട്ടി
FCRA Bill Withdrawn in Lok Sabha

വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (FCRA Amendment Bill) ലോക്സഭയിൽ അവതരിപ്പിക്കുന്നത് കേന്ദ്ര സർക്കാർ നീട്ടിവെച്ചു. ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധവും ബിജെപി കേരള ഘടകത്തിന്റെ സമ്മർദ്ദവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രത്തെ നയിച്ചതെന്നാണ് ലഭിക്കുന്ന സൂചനകൾ. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആണ് ഈ വിവരം സഭയെ അറിയിച്ചത്.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു ബില്ല് വരുന്നത് തിരിച്ചടിയാകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരുന്നു. ക്രൈസ്തവ സഭകൾ ബില്ലിനെതിരെ വലിയ രീതിയിൽ പ്രതിഷേധിക്കുന്നത് വോട്ടുബാങ്കിനെ ബാധിക്കുമെന്ന ആശങ്ക അവർ പങ്കുവെച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ബില്ല് തൽക്കാലത്തേക്ക് പിൻവലിക്കാൻ തീരുമാനിച്ചത്.


അതേസമയം, ബില്ല് പൂർണ്ണമായും പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. പാർലമെന്റിന് അകത്തും പുറത്തും ഇന്ന് ശക്തമായ പ്രതിഷേധങ്ങൾ നടന്നു. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സഭ നടപടികൾ തടസ്സപ്പെട്ടതിനെത്തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തിവെച്ചു.


ബില്ല് തൽക്കാലം അവതരിപ്പിക്കാത്തതുകൊണ്ട് മാത്രം തങ്ങളുടെ പ്രതിഷേധം അവസാനിക്കില്ലെന്ന് ക്രൈസ്തവ സഭകൾ വ്യക്തമാക്കി. നിലവിൽ കർശനമായ നിയമങ്ങൾ ഉള്ളപ്പോൾ പുതിയ ഭേദഗതികൾ എന്തിനാണെന്നും, ഇത് ന്യൂനപക്ഷ സ്ഥാപനങ്ങളെ അടിച്ചമർത്താനാണെന്നും അവർ ആരോപിക്കുന്നു. ബില്ല് പൂർണ്ണമായും നീക്കം ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സഭകൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories