Share this Article
News Malayalam 24x7
ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും
 Supreme Court

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലും അതിൽ നിന്നുയർന്നുവന്ന അനുബന്ധ നിയമപ്രശ്നങ്ങളിലും സുപ്രീം കോടതിയിൽ ഇന്ന് മുതൽ വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ വിപുലമായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച 2018-ലെ വിധിക്ക് ശേഷമുണ്ടായ തർക്കങ്ങളിൽ ഭരണഘടനാപരമായ വ്യക്തത വരുത്തുകയാണ് ഈ ബെഞ്ചിന്റെ പ്രധാന ദൗത്യം.

മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷം, മതപരമായ ആചാരങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം തുടങ്ങിയ ഗൗരവകരമായ നിയമവശങ്ങളാണ് ബെഞ്ച് പ്രധാനമായും പരിഗണിക്കുക. നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം, നാളെ മുതൽ വ്യാഴാഴ്ച വരെ യുവതി പ്രവേശനത്തെ എതിർക്കുന്ന കക്ഷികളുടെ വാദമാണ് കോടതി കേൾക്കുക. എൻ.എസ്.എസ്, തന്ത്രി കുടുംബം ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ ഘട്ടത്തിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കും.


തുടർന്ന് ഏപ്രിൽ 14, 15, 16 തീയതികളിൽ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങൾ ബെഞ്ച് കേൾക്കും. കേസിൽ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അവരുടെ അഭിപ്രായം കൂടി തേടണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ കോടതിയിൽ നിർദ്ദേശിച്ചിരുന്നു. അതേസമയം, മുൻ നിലപാടിൽ നിന്ന് വിഭിന്നമായി യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടാണ് ദേവസ്വം ബോർഡ് ഇത്തവണ തങ്ങളുടെ വാദങ്ങൾ സമർപ്പിച്ചിരിക്കുന്നത്.


കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ സുപ്രീം കോടതിയിൽ വാദം തുടങ്ങുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിശ്വാസവും നിയമവും തമ്മിലുള്ള ഈ നിയമപോരാട്ടത്തിൽ പരമോന്നത കോടതി കൈക്കൊള്ളുന്ന നിലപാട് കേരളത്തിലെ രാഷ്ട്രീയ ഗതിവിഗതികളെയും വലിയ രീതിയിൽ സ്വാധീനിച്ചേക്കാം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories