മുഖ്യമന്ത്രിയുമായുള്ള ചർച്ചകളോട് താൽപര്യമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവർത്തിച്ചു. തന്റെ താൽപര്യമില്ലായ്മയെ ആർക്ക് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈക്കമാൻഡ് ഇടപെട്ട് ഇത്തരം ചർച്ചകൾ അവസാനിപ്പിച്ചു കൂടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് "ചർച്ച ചെയ്യുന്നവർ ചെയ്യട്ടെ" എന്നായിരുന്നു വേണുഗോപാലിന്റെ മറുപടി.
കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. കോഴിക്കോട് സ്‌ട്രോങ്ങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും കമ്മീഷന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാർട്ടികൾ ഉന്നയിക്കുന്ന പരാതികളിൽ അടിയന്തരമായി അന്വേഷണം നടത്തി വ്യക്തത നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.