ആവേശകരമായ പരസ്യപ്രചാരണങ്ങൾക്ക് തിരശ്ശീല വീണു, ഇനി ജനവിധി അറിയാനുള്ള കാത്തിരിപ്പ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങും. 23 ദിവസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.
സംസ്ഥാനത്തെ 2,71,96,936 വോട്ടർമാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ആകെ 883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. നാളെ രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണി വരെ തുടരും. വോട്ടെടുപ്പ് സുഗമമാക്കുന്നതിനായി സംസ്ഥാനത്തുടനീളം 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 76,000 പോലീസുകാർ സുരക്ഷാ ചുമതലയിലുണ്ടാകും. സംസ്ഥാനത്തെ 2,040 ബൂത്തുകളെ പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക സുരക്ഷയ്ക്കായി 160 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചതായി അധികൃതർ വ്യക്തമാക്കി. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു.
ഭരണത്തുടർച്ചയുണ്ടാകുമെന്നും എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്നുമാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ, നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവകാശപ്പെട്ടു. ഇന്ദിരാ ഗ്യാരന്റി അടക്കമുള്ള വാഗ്ദാനങ്ങളും വികസന മുരടിപ്പും ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് വോട്ട് തേടുന്നത്. അതേസമയം, നേമം അടക്കം 12 സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ഇത്തവണത്തെ പ്രചാരണം ഏറെ ശ്രദ്ധേയമായിരുന്നു. പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്ന ഡീൽ ആരോപണങ്ങളും, പ്രളയവുമായി ബന്ധപ്പെട്ട വിവാദങ്ങളും, മുഖ്യമന്ത്രിമാരായ പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മിലുള്ള വാക്പോരും തെരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമായിരുന്നു. എല്ലാ വിവാദങ്ങൾക്കും ആവേശകരമായ പ്രചാരണങ്ങൾക്കും ഒടുവിൽ വോട്ടർമാർ നാളെ വിധി നിശ്ചയിക്കും.