മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. പുസ്തകം പുറത്തുവന്നതിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് ഡൽഹി പൊലീസ്. പ്രതിരോധ മന്ത്രാലയത്തിന്റെ നിർബന്ധിത അനുമതി (Clearance) ഇല്ലാതെയാണ് പുസ്തകം പുറത്തിറങ്ങിയതെന്ന് പൊലീസ് കണ്ടെത്തി.
പുസ്തകത്തിന്റെ വിദേശ വിൽപന കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി പുസ്തകം വിൽപന നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിന് മുൻപ് എങ്ങനെ പുസ്തകം വിദേശ വിപണികളിൽ എത്തി എന്നതിലാണ് പോലീസ് ദുരൂഹത ആരോപിക്കുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിലെ കടന്നുകയറ്റത്തെക്കുറിച്ചും സൈനിക നീക്കങ്ങളെക്കുറിച്ചുമുള്ള നിർണ്ണായക പരാമർശങ്ങൾ പുസ്തകത്തിലുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഈ പുസ്തകത്തിലെ പരാമർശങ്ങൾ ഉയർത്തിക്കാട്ടിയതോടെയാണ് വിഷയം രാഷ്ട്രീയ വിവാദമായതും അന്വേഷണത്തിന് വഴിയൊരുങ്ങിയതും.
അതേസമയം, പുസ്തകം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എം.എം. നരവനെയും പ്രസാദകരും. എന്നാൽ പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തായതും വിദേശ രാജ്യങ്ങളിൽ ലഭ്യമായതും വലിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ വരും ദിവസങ്ങളിൽ വിശദമായ പരിശോധനകൾ നടക്കും.