പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നടന്ന യോഗത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്‌ഐ കൃഷ്ണമോഹനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിനിടെയായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ കൃഷ്ണമോഹൻ അവിടെയുണ്ടായിരുന്ന പൊലീസുകാരെയും മേലുദ്യോഗസ്ഥരെയും കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. കൊടുമൺ സിഐയെയാണ് ഇയാൾ കൈയേറ്റം ചെയ്തത്.
നേരത്തെയും സമാനമായ രീതിയിൽ അച്ചടക്കലംഘനം നടത്തിയതിന് കൃഷ്ണമോഹനെതിരെ പരാതികൾ നിലവിലുണ്ടായിരുന്നു. സിഐയുടെ പരാതിയെത്തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ഇത്തരം അച്ചടക്കലംഘനം അതീവ ഗൗരവത്തോടെയാണ് സിറ്റി കമ്മീഷണർ കണ്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു.