Share this Article
News Malayalam 24x7
നിതിന്‍ രാജിൻ്റെ മരണം; 'സാമ്പത്തിക പ്രശ്നമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം'
Anjarakandy Student Death

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഗൗരവകരമായ ആരോപണങ്ങളുമായി നിതിന്റെ സഹോദരി രാഖി രംഗത്തെത്തി. നിതിന്റെ മരണം സാമ്പത്തിക പ്രശ്നങ്ങളോ ലോൺ ആപ്പ് ഭീഷണിയോ മൂലമാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് രാഖി ആരോപിച്ചു.

നിതിൻ ലോൺ ആപ്പുകളിൽ നിന്ന് പണമെടുത്ത വിവരം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും അത് വീട്ടുകാരുടെ അറിവോടു കൂടി തന്നെയായിരുന്നുവെന്നും രാഖി വ്യക്തമാക്കി. ലോൺ ആപ്പ് വിഷയത്തെ ഒരു പുകമറയായി ഉപയോഗിച്ച് നിതിൻ നേരിട്ടിരുന്ന യഥാർത്ഥ പീഡനങ്ങളെ മൂടിവെക്കാനാണ് ഇപ്പോൾ ചിലർ ശ്രമിക്കുന്നത്. കോളേജ് അധികൃതരും അധ്യാപകരും ചേർന്ന് നിതിനെ മാനസികമായി വേട്ടയാടി കൊന്നതാണെന്ന് സഹോദരി വികാരാധീനയായി പറഞ്ഞു.


"അവൻ മരിക്കുന്ന ദിവസം 12 മണി വരെ ഞങ്ങളുമായി സംസാരിച്ചിരുന്നു. എന്ത് വിഷമമുണ്ടെങ്കിലും അറിയിക്കണമെന്ന് പറഞ്ഞിരുന്നു. അധ്യാപകനായ ഡോക്ടർ റാം അവനെ എത്രമാത്രം പീഡിപ്പിച്ചിരുന്നുവെന്ന് അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാവരും ചേർന്ന് അവനെ കൊന്നതാണ്," രാഖി ആരോപിച്ചു.


സാധാരണക്കാരായ ആളുകൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഇത്തരം ലോണുകളെ ആശ്രയിക്കാറുണ്ട്. അത് ഒരു കുറ്റമായോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന പ്രധാന ഘടകമായോ ചിത്രീകരിക്കുന്നത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണെന്നും അവർ കൂട്ടിച്ചേർത്തു. നിതിനെതിരെ ജാതീയമായ അധിക്ഷേപങ്ങൾ ഉൾപ്പെടെ ഉണ്ടായതായി നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു. നിലവിൽ പ്രതികളായ അധ്യാപകർ ഒളിവിൽ തുടരുന്ന പശ്ചാത്തലത്തിൽ സഹോദരിയുടെ ഈ വെളിപ്പെടുത്തൽ കേസിൽ നിർണ്ണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories