Share this Article
News Malayalam 24x7
രഞ്ജിത്തിനെതിരായ കേസ്; ലൈംഗിക അതിക്രമം നടന്ന കാരവാന്‍ കണ്ടെത്തി
Director Ranjith

സിനിമാ ചിത്രീകരണത്തിനിടെ യുവനടിയെ സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി അതിക്രമിച്ച കേസിൽ നിർണ്ണായക തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. കുറ്റകൃത്യം നടന്നതെന്ന് കരുതുന്ന കാരവാൻ പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്.

കാരവാനിനുള്ളിൽ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി നൽകിയ പരാതി. എന്നാൽ ഈ കാരവാനിനുള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ, കാരവാന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘം (SIT) ശ്രമിക്കുന്നത്.


കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. രഞ്ജിത്ത് രക്ഷപെടാൻ ഉപയോഗിച്ച വാഹനത്തിന്റെ ഉടമ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിൽ ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ഇവരെയും കേസിൽ പ്രതികളാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


കൂടാതെ, സംഭവം നടന്ന ദിവസം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. കാരവാന് വെളിയിൽ മറ്റാരും വരാതിരിക്കാൻ ഒരു യുവതിയെ കാവൽ നിർത്തിയിരുന്നതായും നടി മൊഴി നൽകിയിട്ടുണ്ട്. ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.


രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുകയാണെങ്കിൽ, കാരവാനിലെത്തിച്ച് നേരിട്ടുള്ള തെളിവെടുപ്പ് നടത്താനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories