Share this Article
News Malayalam 24x7
'വയനാട്ടില്‍ ശ്രുതിക്ക് വീട് വച്ചു കൊടുക്കട്ടെ, എന്നിട്ടാവാം ഇന്ദിരാ ഗ്യാരൻ്റി'; മുഖ്യമന്ത്രി
CM Pinarayi Vijayan

പിണറായി വിജയൻ സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും ഉൾക്കൊള്ളുന്ന പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി അവകാശപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതി റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 5 ലക്ഷം വീടുകൾ ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കി. നാലര ലക്ഷത്തോളം പേർക്ക് പട്ടയം വിതരണം ചെയ്തു. കേരളം ഇന്ന് രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയിരിക്കുന്നു. ദേശീയപാത വികസനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വിഭവന പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ബിരുദ തലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി. പിഎസ്‌സി വഴി 3,13,202 പേർക്ക് നിയമനം നൽകിയതായും 2,66,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.


അതേസമയം, കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. വയനാട്ടിലെ ദുരന്തബാധിതയായ ശ്രുതിക്ക് ഒരു വീട് വെച്ചു നൽകാൻ പോലും കഴിയാത്തവരാണ് 'ഇന്ദിര ഗ്യാരന്റി'യെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് പറയുന്ന കാര്യങ്ങൾ എത്രത്തോളം നടപ്പിലാക്കുമെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories