Share this Article
News Malayalam 24x7
രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പൊലീസ്
Director Ranjith Case

യുവനടിക്കെതിരായ ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ അന്വേഷണ സംഘം നീക്കം തുടങ്ങുന്നു. സംഭവത്തിന് പിന്നാലെ അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന നിർണ്ണായക വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ യുവതി ഫോൺ എടുക്കാൻ തയ്യാറായില്ലെന്ന് ഡിസിപി അശ്വതി ജിജി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഇതിനെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം രഞ്ജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവദിവസം നടന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള രഞ്ജിത്തിന്റെ സഹപ്രവർത്തകരിൽ നിന്നും പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇവരിൽ നിന്നും ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം കരുതുന്നു.

അതേസമയം, തനിക്കെതിരെ നടക്കുന്നത് വ്യാജ പരാതിയാണെന്നാണ് രഞ്ജിത്തിന്റെ നിലപാട്. യുവനടി സിനിമയിൽ പ്രധാനപ്പെട്ട റോളുകൾ ആവശ്യപ്പെട്ടിരുന്നുവെന്നും അത് നൽകാത്തതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നുമാണ് രഞ്ജിത്ത് ആരോപിക്കുന്നത്. ജനുവരിയിൽ നടന്ന സംഭവത്തിൽ പരാതി നൽകാൻ എന്തുകൊണ്ട് വൈകി എന്ന ചോദ്യം പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഉയർത്താൻ സാധ്യതയുണ്ട്. എന്നാൽ അതിജീവിതയുടെ മാനസിക വിഷമങ്ങൾ കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും അത് അവരുടെ താല്പര്യമാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥയുടെ മറുപടി.

നിലവിൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത് കോടതിയിൽ രഞ്ജിത്തിന് അനുകൂലമായ ഘടകമായി മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും സാഹചര്യത്തെളിവുകളും മൊഴികളും അടിസ്ഥാനമാക്കി രഞ്ജിത്തിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories