Share this Article
News Malayalam 24x7
ചൂട് കടുത്തതോടെ പാല്‍ ഉല്‍പാദനം പകുതിയായി കുറഞ്ഞു
Extreme Heat Hits Kerala Dairy Sector

വേനൽ കടുത്തതോടെ സംസ്ഥാനത്തെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ചൂട് വർധിച്ചതിനെത്തുടർന്ന് പാൽ ഉൽപ്പാദനം പകുതിയായി കുറഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. ഇതിനൊപ്പം കാലിത്തീറ്റയുടെ വിലക്കയറ്റവും പാൽ വിലയിലെ കുറവും ക്ഷീരകർഷകരെ ഈ മേഖലയിൽ നിന്നും പിന്തിരിപ്പിക്കുന്നു.

25 വർഷമായി ക്ഷീരമേഖലയിൽ സജീവമായ പെരുവമ്പാടം സ്വദേശി മനോജിൻ്റെ അനുഭവം ഇതിന് ഉദാഹരണമാണ്. മുൻപ് 30 ലിറ്റർ പാൽ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പരമാവധി 13 ലിറ്റർ മാത്രമാണ് ലഭിക്കുന്നത്. ചൂട് കാരണം കന്നുകാലികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതും ഉൽപ്പാദനത്തെ ബാധിക്കുന്നു. വേനൽ കടുത്തതോടെ പുല്ലിനും ക്ഷാമം നേരിടുകയാണ്.


കാലിത്തീറ്റയ്ക്കും പിണ്ണാക്കിനും വൻ വിലയാണ് ഈടാക്കുന്നത്. എന്നാൽ മിൽമയിൽ നിന്നും ലഭിക്കുന്ന പാൽ വില കർഷകർക്ക് താങ്ങാനാവുന്നില്ല. നിലവിൽ ലിറ്ററിന് 42 രൂപയാണ് ക്ഷീരസംഘങ്ങളിൽ ലഭിക്കുന്നത്. ഇത് ലിറ്ററിന് 75 രൂപയെങ്കിലും ആയാൽ മാത്രമേ നഷ്ടമില്ലാതെ മുന്നോട്ട് പോകാൻ കഴിയൂ എന്ന് കർഷകർ പറയുന്നു.


ലാഭകരമല്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒട്ടേറെ കർഷകരാണ് ഈ മേഖല വിട്ടുപോയത്. ക്ഷീരമേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ക്ഷീരമേഖലയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നാണ് ഇവരുടെ ആശങ്ക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories