സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരുമെന്നാണ് പ്രവചനം.
പാലക്കാട് ജില്ലയിലാണ് ഇന്നലെ റെക്കോർഡ് താപനില രേഖപ്പെടുത്തിയത് - 41.1 ഡിഗ്രി സെൽഷ്യസ്. 2024-ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് താപനില 41 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുന്നത്. പാലക്കാടിന് പുറമെ പുനലൂരിൽ 39.8 ഡിഗ്രിയും തൃശ്ശൂർ വെള്ളാനിക്കരയിൽ 39.3 ഡിഗ്രിയും ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ലഭിച്ച വേനൽമഴ ചൂടിന് നേരിയ ശമനം നൽകിയിട്ടുണ്ട്. മഴയെ തുടർന്ന് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.