കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. പുറത്തുനിന്നുള്ള വൈദ്യുതി വിഹിതത്തിൽ വൻ കുറവ് വന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇന്ന് മുതൽ 200 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് കൂടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ വിവിധയിടങ്ങളിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം (ലോഡ് റെസ്‌ട്രിക്ഷൻ) ഏർപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രികാലങ്ങളിൽ ഉൾപ്പെടെ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി തടസ്സപ്പെടുന്നത് ജനങ്ങളെ വലിയ ദുരിതത്തിലാക്കുന്നു. എന്നാൽ സംസ്ഥാനത്ത് ഔദ്യോഗികമായി ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്നും ട്രാൻസ്‌ഫോർമറുകളിലെ അമിതഭാരം കുറയ്ക്കാനായുള്ള നിയന്ത്രണങ്ങൾ മാത്രമാണ് നടക്കുന്നതെന്നുമാണ് വൈദ്യുതി മന്ത്രിയുടെ വിശദീകരണം. ഇത്തവണത്തെ വേനലിൽ എസി, ഫാൻ എന്നിവയുടെ ഉപയോഗം വർദ്ധിച്ചതാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരാൻ കാരണമായത്.
പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിൽ ഇതിനോടകം തന്നെ 600 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ചൂട് തുടർന്നാൽ വൈദ്യുതി നിയന്ത്രണം കൂടുതൽ സമയത്തേക്ക് നീട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി. അതേസമയം, അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ കെഎസ്ഇബി ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.