ശബരിമല കൊടിമര സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് എൻ. വാസുവിന് സ്വാഭാവിക ജാമ്യം (Statutory Bail) ലഭിച്ചത്. ഇതോടെ, കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, ശ്രീകുമാർ എന്നിവരെത്തുടർന്ന് നാല് പ്രധാന പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തത് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) വലിയ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു. ജാമ്യാപേക്ഷയിൽ വിവേചനം കാണിക്കാൻ സാധിക്കില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘത്തിന്റെ വീഴ്ചയാണ് പ്രതികൾക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഒരുക്കിയതെന്ന വിമർശനവും ഉയരുന്നുണ്ട്. കോടതി വിധി വന്നതോടെ കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യത്തിലിറങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ.