Share this Article
News Malayalam 24x7
ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും
Veena George

കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരും. ഇന്ന് രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് മന്ത്രിയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം ആശുപത്രിയിൽ തുടരാൻ നിർദ്ദേശിച്ചത്. കഴുത്തിനേറ്റ ക്ഷതം മൂലം മന്ത്രിക്ക് ഇപ്പോഴും കഠിനമായ വേദന അനുഭവപ്പെടുന്നുണ്ട്. എംആർഐ പരിശോധനയിൽ കൈക്ക് ചെറിയ രീതിയിലുള്ള മരവിപ്പ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റ് ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടാൽ മന്ത്രിയെ നാളെ തിരുവനന്തപുരത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും.

അതേസമയം, മന്ത്രിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അടക്കമുള്ള അഞ്ച് പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെ 11 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ഒൻപത് വകുപ്പുകളും റെയിൽവേ നിയമപ്രകാരമുള്ള രണ്ട് വകുപ്പുകളുമാണ് കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മന്ത്രിയെ ബോധപൂർവ്വം അപായപ്പെടുത്താൻ ശ്രമിച്ചതാണെന്ന് സിപിഐഎം ആരോപിച്ചു.


സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളെച്ചൊല്ലി തർക്കം മുറുകുകയാണ്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും കെഎസ്യു പ്രവർത്തകർ മന്ത്രിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. തങ്ങൾ മന്ത്രിയുടെ അരികിലെത്തിയിട്ടില്ലെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ കെഎസ്യു പുറത്തുവിട്ടു. മന്ത്രിയെ ആക്രമിച്ചുവെന്ന് തെളിയിക്കുന്നവർക്ക് യൂത്ത് കോൺഗ്രസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ദൃശ്യങ്ങൾ കൂടുതൽ വിശദമായി പരിശോധിച്ചു വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories