Share this Article
News Malayalam 24x7
The Kerala Story 2 ; നിർമാതാക്കൾക്ക് തിരിച്ചടി
 Kerala Story 2

വിവാദ ചിത്രം 'കേരള സ്റ്റോറി 2' (The Kerala Story 2: Goes Beyond) സിനിമയുടെ റിലീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. നാളെ (ഫെബ്രുവരി 27) തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രത്തിനാണ് കോടതിയുടെ ഇടക്കാല സ്റ്റേ കനത്ത തിരിച്ചടിയായത്. ചിത്രത്തിന്റെ ഉള്ളടക്കം മതേതരത്വത്തിന് ഭീഷണിയാണെന്നും കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നുമുള്ള ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.

സിനിമ കോടതി കാണേണ്ടതില്ലെന്നും സെൻസർ ബോർഡ് അനുമതി നൽകിയ കാര്യത്തിൽ കോടതി ഇടപെടേണ്ടതില്ലെന്നുമുള്ള നിർമ്മാതാക്കളുടെ വാദം ഹൈക്കോടതി തള്ളി. ചിത്രം സംബന്ധിച്ച് ലഭിച്ച പരാതികൾ സെൻസർ ബോർഡ് വീണ്ടും പരിശോധിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ ചിത്രം കണ്ട ശേഷം ബോർഡ് മറുപടി നൽകണം.


കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് ചിത്രത്തിനെതിരെ ഹർജി നൽകിയത്. കേരളം വർഗ്ഗീയതയുടെയും മതപരിവർത്തനത്തിന്റെയും കേന്ദ്രമാണെന്ന് തെറ്റായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ വിദ്വേഷ പ്രസംഗങ്ങളും പ്രകോപനപരമായ ഉള്ളടക്കവും ഉണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.


വിഷയത്തിൽ പ്രതികരിച്ച പ്രമുഖ എഴുത്തുകാരൻ എം.എൻ. കാരശ്ശേരി, ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാണിച്ച് കേരളത്തിൽ മുസ്ലിം വിരുദ്ധ മനസ്ഥിതി ഉണ്ടാക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് ആരോപിച്ചു. സിനിമ ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്നും ഒരു വലിയ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിതെന്നും രാഷ്ട്രീയ നിരീക്ഷകൻ ബി.എൻ. ഹസ്കർ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള കോടതിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻസർ ബോർഡ് ചിത്രം വീണ്ടും പരിശോധിച്ച ശേഷം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും റിലീസ് സംബന്ധിച്ച അടുത്ത നടപടികൾ കോടതി സ്വീകരിക്കുക.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories