സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ ചൂട് തുടരുന്നതിനിടെ ആശ്വാസവാർത്തയുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ അവസാന വാരത്തോടെ വേനൽമഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പാലക്കാട് ജില്ലയിൽ കനത്ത ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്നലെ ജില്ലയിൽ 39.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമേ പാടുള്ളൂ എന്ന് നിർദ്ദേശം നൽകി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണ്.
ചൂട് വർദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലെത്തിയിരിക്കുകയാണ്. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി പവർ എക്സ്ചേഞ്ചിൽ നിന്ന് ഒരു മാസത്തേക്ക് 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ മഴ ലഭിക്കുന്നതോടെ ചൂടിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.