തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് രാഷ്ട്രീയ പ്രതികാരമാണെന്നും തനിക്കെതിരെ മനഃപൂർവ്വമായ വേട്ടയാടലാണ് നടക്കുന്നതെന്നും കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ. ആരോഗ്യമന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിലെ പ്രതികാരമായാണ് ഈ കേസ് തനിക്കെതിരെ ചാർജ് ചെയ്തിരിക്കുന്നതെന്ന് അതുൽ ആരോപിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അതുലിന്റെ പ്രതികരണം. രാഷ്ട്രീയമായ പോരാട്ടങ്ങൾക്കിടയിൽ സർക്കാരിൽ നിന്നും ഇത്തരം നീക്കങ്ങൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത് അൽപം കടന്നുപോയെന്നും അതുൽ പറഞ്ഞു. "നിന്നെ ഫിനിഷ് ചെയ്യും" എന്നടക്കമുള്ള ഭീഷണികൾ തനിക്ക് ലഭിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
നിലവിൽ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. തന്റെ നിരപരാധിത്വം തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും മറ്റ് പ്രധാന വിവരങ്ങളും കോടതിക്ക് മുൻപാകെ ഹാജരാക്കുമെന്നും അതുൽ വ്യക്തമാക്കി. മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് അതുലിനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നതും പൊലീസ് കേസെടുത്തതും.