Share this Article
News Malayalam 24x7
ശസ്ത്രക്രിയകൾക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
New Surgery Guidelines in Kerala

സംസ്ഥാനത്തെ ആശുപത്രികളിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടാകുന്ന പിഴവുകളും ചികിത്സാ വീഴ്ചകളും തടയുന്നതിനായി പുതിയ സുരക്ഷാ മാർഗരേഖ (Surgical Safety Protocol) പുറത്തിറക്കി ആരോഗ്യവകുപ്പ്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ പരാതികളുടെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശങ്ങൾ.


പ്രധാന നിർദ്ദേശങ്ങൾ:

  • റിസ്റ്റ് ബാൻഡ്: ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് അവരുടെ വിവരങ്ങളും ശസ്ത്രക്രിയയുടെ വിശദാംശങ്ങളും അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും ധരിപ്പിക്കണം.

  • ശരീരഭാഗം അടയാളപ്പെടുത്തൽ: ശരീരത്തിന്റെ ഏത് ഭാഗത്താണോ ശസ്ത്രക്രിയ നടത്തേണ്ടത് എന്ന് ശസ്ത്രക്രിയയ്ക്ക് മുൻപ് തന്നെ കൃത്യമായി അടയാളപ്പെടുത്തണം. ഇത് തെറ്റായ അവയവങ്ങളിൽ ശസ്ത്രക്രിയ നടത്തുന്നത് ഒഴിവാക്കാൻ സഹായിക്കും.

  • മൊബൈൽ ഫോൺ വിലക്ക്: ഓപ്പറേഷൻ തിയേറ്ററുകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ഒരു ജീവനക്കാരും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഫോൺ ഉപയോഗിക്കുന്നത് കർശനമായി വിലക്കി.

  • ഉപകരണങ്ങളുടെ കണക്ക്: ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഓരോ ഉപകരണത്തിന്റെയും എണ്ണവും പേരും തിയേറ്ററിലെ വൈറ്റ് ബോർഡിൽ രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും ഈ എണ്ണം ഒത്തുനോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

  • ചെക്ക് ലിസ്റ്റ്: വാർഡ് ഡോക്ടറും നഴ്സിംഗ് ഇൻചാർജും പ്രീ-ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയേറ്റർ ചുമതലയുള്ള നഴ്സിംഗ് ഓഫീസർ ഇത് പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷം മാത്രമേ രോഗിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ പാടുള്ളൂ.


ശസ്ത്രക്രിയയ്ക്കിടെ കത്രികയും മറ്റ് ഉപകരണങ്ങളും രോഗിയുടെ വയറ്റിൽ മറന്നുവെച്ചതുൾപ്പെടെയുള്ള ഗുരുതരമായ പിഴവുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നീക്കം. വീഴ്ചകൾ ഉണ്ടായാൽ ഉത്തരവാദിത്തം കൃത്യമായി നിശ്ചയിക്കാനും പുതിയ പ്രോട്ടോക്കോൾ വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories