Share this Article
News Malayalam 24x7
ശബരിമല ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറത്തിയ സംഭവം; ഗുരുതര സുരക്ഷാലംഘനം, ADGP റിപ്പോർട്ട്
ADGP Report Points to Serious Breach Over Helicopter Incident

ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് എഡിജിപി എസ് ശ്രീജിത്തിന്റെ റിപ്പോർട്ട്. സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് ഉണ്ടാകുന്നത്. സംഭവത്തിൽ പമ്പ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സന്നിധാനത്തെ കൊടിമരത്തിന് വെറും നാല് മീറ്റർ ഉയരത്തിലും ക്ഷേത്രത്തിന് അഞ്ച് മീറ്റർ മുകളിലൂടെയുമാണ് ഹെലികോപ്റ്റർ പറന്നത്. പൊന്നമ്പലമേടിന് 200 മീറ്റർ താഴെയായി വിമാനങ്ങളോ ഹെലികോപ്റ്ററുകളോ പറക്കാൻ അനുമതിയില്ലെന്നിരിക്കെയാണ് ഇത്രയും താഴെയായി ഹെലികോപ്റ്റർ എത്തിയത്.


ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാലംഗ സംഘം ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും റിപ്പോർട്ടിൽ സംശയമുയർത്തുന്നുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാണിതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശബരിമല സ്പെഷ്യൽ കമ്മീഷണർക്ക് കൈമാറിയ ഈ റിപ്പോർട്ട് ഉടൻതന്നെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തും.


സംഭവത്തിൽ പത്തനംതിട്ട എഎസ്പിക്കാണ് തുടർ അന്വേഷണത്തിന്റെ ചുമതല. അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ നിയമലംഘനത്തെ വളരെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഹെലികോപ്റ്റർ പറന്ന സാഹചര്യം വിശദമായി പരിശോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോസ്റ്റ് ഗാർഡിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ശബരിമലയുടെ സുരക്ഷയെ ബാധിക്കുന്നതാണെന്ന വിലയിരുത്തലിലാണ് പോലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories