മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കാറിൽ യാത്ര ചെയ്തതിനെ തുടർന്ന് സിപിഐയുടെ ഭാഗത്തുനിന്നുണ്ടായ വിമർശനങ്ങളെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശനം തുടർന്നു. 'തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും' എന്ന പേരിൽ എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
തന്നെ കാറിൽ കയറ്റിക്കൊണ്ടുപോയത് രാജ്യദ്രോഹം പോലെ വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ലേഖനത്തിൽ വെള്ളാപ്പള്ളി ആരോപിക്കുന്നു. ഇടതുപാർട്ടികളുടെ നട്ടെല്ല് ഈഴവ പോലുള്ള സമുദായക്കാരാണെന്നും, ഇത് അറിയാവുന്നതിനാലാണ് സിപിഎം സമുദായങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
`എന്നാൽ, സിപിഐയുടെ യുവനേതാക്കൾക്ക് ഈ ബോധ്യമില്ലെന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം. സിപിഐ ഇപ്പോഴും 'മൂഢസ്വർഗ്ഗത്തിലാണെ'ന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് സൗഹൃദവും സ്നേഹവും ബഹുമാനവുമുണ്ടെന്ന് ആവർത്തിക്കുന്ന വെള്ളാപ്പള്ളി, ഇടതു സർക്കാർ മൂന്നാമതും അധികാരത്തിലേറുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ഉറപ്പിച്ചു പറയുന്നു.