വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടയിൽ, അദ്ദേഹത്തിനെതിരെ ജന്മനാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു . 'സേവ് കോൺഗ്രസ്' എന്ന പേരിലാണ് മുല്ലപ്പള്ളിയുടെ രാഷ്ട്രീയ മോഹങ്ങളെ പരിഹസിച്ചും വിമർശിച്ചും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന് നിലവിൽ 82 വയസ്സായെന്നും, ഇതിനോടകം ഏഴു തവണ എം.പി, രണ്ടു തവണ കേന്ദ്രമന്ത്രി, എ.ഐ.സി.സി സെക്രട്ടറി തുടങ്ങിയ ഉന്നത പദവികൾ വഹിച്ച വ്യക്തിയാണെന്നും പോസ്റ്ററിൽ ചൂണ്ടിക്കാട്ടുന്നു. ഇത്രയേറെ അവസരങ്ങൾ ലഭിച്ചിട്ടും അദ്ദേഹത്തിന്റെ അധികാരക്കൊതി മാറിയിട്ടില്ല എന്നാണ് പോസ്റ്ററിലെ പ്രധാന വിമർശനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തുപോകാൻ പ്രധാന കാരണം മുല്ലപ്പള്ളിയാണെന്നും, അദ്ദേഹം ഇനിയെങ്കിലും വിശ്രമജീവിതം തുടരണമെന്നുമാണ് പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നത് . നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാകുന്നതിനിടെ സ്വന്തം നാട്ടിൽ നിന്നുതന്നെയുണ്ടായ ഈ പോസ്റ്റർ പ്രതിഷേധം കോൺഗ്രസ് വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.