ശബരിമല സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ഗോവർധനൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസിൻ്റെ തുടർ നടപടികളിൽ ഏറെ നിർണ്ണായകമായ തീരുമാനമാകും ഇന്ന് ഹൈക്കോടതിയിൽ നിന്നുണ്ടാവുക.
അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പരിശോധന സന്നിധാനത്ത് ഇന്നും തുടരുകയാണ്. വിഎസ്എസ്സി (VSSC) റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തലുകളെ തുടർന്ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് എസ്ഐടി സംഘം വീണ്ടും പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ എസ്ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണ്ണപ്പാളികളിലും സ്ട്രോങ്ങ് റൂമിലും പരിശോധന നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി ഇന്ന് സ്ട്രോങ്ങ് റൂമിലെ പഴയ വാതിലുകളിലെയും, കട്ടളപ്പാളികളിലെയും, അയ്യപ്പ ചരിതം കൊത്തിയ സ്വർണ്ണപ്പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കും. ശബരിമലയിലെ സ്ട്രോങ്ങ് റൂമിലെ പഴയ വാതിൽ, കട്ടളപ്പാളി തുടങ്ങിയ ഇടങ്ങളിലെ സ്വർണ്ണപ്പാളികൾ വിശദമായി പരിശോധിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളി കടത്തിയ കേസിൽ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, കട്ടളപ്പാളിയിൽ നിന്ന് സ്വർണ്ണം കടത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ അദ്ദേഹം ഇപ്പോഴും ജയിലിൽ തുടരുകയാണ്.
എസ്ഐടിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) സംയുക്തമായി ശക്തമായ പരിശോധനകൾ നടത്തുന്ന സാഹചര്യത്തിൽ, പത്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് ഏറെ നിർണ്ണായകമാണ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടോ എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഹൈക്കോടതിയുടെ തീരുമാനം ആകാംഷയോടെയാണ് അധികൃതർ ഉറ്റുനോക്കുന്നത്.