Share this Article
News Malayalam 24x7
മാങ്കൂട്ടത്തിലിനെതിരായ കേസിലെ വാദം കേൾക്കും
Rahul Mankootathil Bail Plea

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്.

കേസിൽ അന്വേഷണ സംഘമായ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. രാഹുലിനെതിരെ കൂടുതൽ നിർണ്ണായകമായ തെളിവുകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. അതിജീവിതമാരുടെ മൊഴികൾ, വീഡിയോ ചാറ്റുകൾ, ഡിജിറ്റൽ സന്ദേശങ്ങൾ, ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചാറ്റ് റെക്കോർഡുകൾ എന്നിവ ഈ തെളിവുകളിൽ ഉൾപ്പെടുന്നു.


രാഹുലിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ഇന്ന് ശക്തമായി എതിർക്കും. ആദ്യ കേസിലെ പരാതിക്കാരി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ഗുരുതരമായ ആരോപണങ്ങൾ പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.


രാഹുലിനെതിരെ പത്തോളം പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും അതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും പരാതിക്കാർ ഉന്നയിക്കുന്നത് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. തൻ്റെ നഗ്ന വീഡിയോകൾ രാഹുലിന്റെ പക്കലുണ്ടെന്നും ജാമ്യം ലഭിച്ചാൽ അവ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിജീവിത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


എന്നാൽ, തനിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ തുടക്കം മുതൽ വാദിക്കുന്നത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരുമായി ഉണ്ടായിരുന്നതെന്ന വാദമാകും പ്രതിഭാഗം കോടതിയിൽ പ്രധാനമായും ഉന്നയിക്കുക. കൂടുതൽ തെളിവുകൾ കോടതി ഇന്ന് വിശദമായി പരിശോധിക്കുന്നതോടെ രാഹുലിൻ്റെ ജാമ്യ കാര്യത്തിൽ നിർണ്ണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories