Share this Article
News Malayalam 24x7
തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ SIT
SIT Moves to Take Tantri Kandararu Rajeevar Into Custody

ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട കേസ് നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം (SIT) നീക്കം ആരംഭിച്ചു. ഇതിനായുള്ള അപേക്ഷ SIT ഉടൻ വിചാരണ കോടതിയിൽ സമർപ്പിക്കും. തന്ത്രിയെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കേസിൻ്റെ ചുരുളഴിക്കുന്നതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അതേസമയം, കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് വാസു സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.


ജസ്റ്റിസ് ദീപാങ്കർ ദത്ത് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ 11 മണിയോടെ ഈ സുപ്രധാന ഹർജി പരിഗണിക്കുന്നത്. പ്രായം, ആരോഗ്യപരമായ പ്രശ്നങ്ങൾ, അന്വേഷണവും തെളിവ് ശേഖരണവും പൂർത്തിയായതിനാൽ ഇനി കസ്റ്റഡിയിൽ തുടരേണ്ടതില്ല എന്നീ കാര്യങ്ങളാണ് എൻ. വാസു ജാമ്യാപേക്ഷയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.


സമാനമായ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച മറ്റൊരു പ്രതിയായ കെ.പി. ശങ്കർദാസിനോട് നേരത്തെ വിചാരണ കോടതിയെ സമീപിക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിൽ എൻ. വാസുവിന്റെ ഹർജിയിൽ സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ ഉറ്റുനോക്കപ്പെടുന്നു.


കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റിലായ മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധനൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സ്വർണ്ണത്തിന് പകരം മഹസറിൽ 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയത് പത്മകുമാറാണെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) വാദം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.


എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) പ്രത്യേക അന്വേഷണ സംഘവും സമാന്തരമായി അന്വേഷണം നടത്തുന്ന ഈ കേസിൽ, തന്ത്രിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories