ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വ്യക്തത തേടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ വ്യാപക പരിശോധനകളിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതികൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
സ്മാർട്ട് ക്രിയേഷൻസ് ഉണ്ണികൃഷ്ണൻ, പൂറ്റി, മുരാരി ബാബു എന്നിവർക്കാണ് ഇഡി നോട്ടീസ് നൽകിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതികൾ നേരിട്ടോ അല്ലെങ്കിൽ അഭിഭാഷകർ മുഖേനയോ ഇഡിയെ അറിയിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ, കേസിലെ പ്രതിയായ മുരാരി ബാബുവിനോട് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാനും ഇഡി നാൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. ഇതിൻ്റെ ഭാഗമായി കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിലാണ് നേരത്തെ ഇഡി വ്യാപക പരിശോധന നടത്തിയത്. ഈ റെയ്ഡുകളിൽ പിടിച്ചെടുത്ത നിർണായക രേഖകളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോൾ പ്രതികൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യമാണ് ഇഡി പരിശോധിക്കുന്നത്.