ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി ഇ.ഡി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി ഉടൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സമൻസ് നൽകും. അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് നീക്കം. പോറ്റിയുടെ സമ്പത്തിക ഇടപാടുകൾ അടക്കം ഇ ഡി പരിശോധിച്ചു.
ദ്വാരപാലക പാളി കേസിലും കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി 110 ദിവസത്തെ ജയിൽവാസത്തിനു ശേഷം കഴിഞ്ഞ ദിവസം മോചിതനായത്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാലാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ജനുവരി 21-ന് ദ്വാരപാലക പാളി കേസിൽ ജാമ്യം ലഭിക്കുകയും, തുടർന്ന് കൊല്ലം വിജിലൻസ് കോടതി കട്ടിളപ്പാളി കേസിലും ജാമ്യം അനുവദിക്കുകയുമായിരുന്നു.
കോടതിയുടെ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുത് എന്ന നിർദ്ദേശത്തിന് പുറമെ, എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പ്രകാരം ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകും.
കേസിലെ മറ്റു പ്രതികളായ മുരളി ബാബു, ശ്രീകുമാരൻ, സുദീഷ് എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സിപിഎം നേതാവായ പത്മകുമാർ, എൻ. വാസു എന്നിവരുടെ അറസ്റ്റ് നടന്നിട്ട് 90 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിൽ അവർക്കും ഉടൻ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.