ശബരിമല ശ്രീകോവിൽ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്ന് ഹൈക്കോടതിയിൽ നിർണ്ണായകമായ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. സ്വർണ്ണപ്പാളികളിൽ വി.എസ്.എസ്.സി (VSSC) നടത്തിയ രണ്ടാമത്തെ ശാസ്ത്രീയ പരിശോധനാ ഫലവും അന്വേഷണ സംഘം കോടതിക്ക് കൈമാറും.
അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ, പ്രതികൾ അവകാശപ്പെട്ടതിനേക്കാൾ കൂടുതൽ സ്വർണ്ണം കവർച്ച ചെയ്യപ്പെട്ടു എന്നാണ്. ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലും കട്ടളയിലുമുള്ള സ്വർണ്ണപ്പാളികളിൽ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി ഈ നിഗമനത്തിൽ എത്തിയത്. മോഷ്ടിച്ചത് 989 ഗ്രാം സ്വർണ്ണമാണെന്നും ഇതിൽ 500 ഗ്രാമോളം തിരിച്ചു പൂശിയെന്നുമാണ് പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ, വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴിയും പരിശോധനാ ഫലവും ഈ മൊഴിക്ക് വിരുദ്ധമാണെന്നാണ് സൂചന. കോടതി നിർദ്ദേശപ്രകാരമാണ് രണ്ടാമതും ശാസ്ത്രീയ പരിശോധന നടത്തിയത്.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്ത വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇവരെ പ്രധാനമായും ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു ഭക്തൻ എന്നതിലുപരി വ്യക്തിപരമായ ബന്ധമില്ലെന്നാണ് അടൂർ പ്രകാശ് മൊഴി നൽകിയത്. എന്നാൽ, കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒന്നിലധികം തവണ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നത് കേസിൽ നിർണ്ണായകമായിട്ടുണ്ട്.
കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സ്വാഭാവിക ജാമ്യാപേക്ഷ നൽകും. കേസിലെ മറ്റ് പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും നിലവിൽ സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും വൈകാതെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്നാണ് വിവരം.ഈ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷം ഇന്ന് വൈകുന്നേരത്തോടെ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് സുപ്രധാനമായ ഇടക്കാല ഉത്തരവ് ഉണ്ടാകാൻ സാധ്യതയുണ്ട്.